ഗോവിന്ദച്ചാമി ജയില്‍ ചാടി
കണ്ണൂര്‍: സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി ജയിൽ ചാടി. ഇന്ന് രാവിലെ ഇയാളെ പാര്‍പ്പിച്ച സെല്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടിയതായി മനസിലായത്. പത്താം ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ 9446899506 നമ്പറിൽ അറിയിക്കണമെന്നു പൊലീസ് വ്യക്തമാക്കി. ഒരു കൈ മാത്രമുള്ള ഇയാൾ കണ്ണൂർ സെൻട്രൽ ജയിൽ എങ്ങനെ ചാടി എന്നതാണ് അമ്പരപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമി പുറത്തു കടന്നത് എങ്ങനെയാണ് എന്നതിൽ അവ്യക്തതയുണ്ട്. ഇയാളെ പാർപ്പിച്ച സെല്ലിലും പിന്നീട് ജയിൽ വളപ്പിലും നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനായില്ല. ഇതോടെയാണ് ജയിൽ ചാടിയതായി ഉറപ്പിച്ചത്. വൈകീട്ട് 5 മണിയോടെയാണ് ജയിൽ അധികൃതർ പ്രതികളെ അകത്തു കയറ്റുന്നത്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ ജയലിനു പുറത്തേക്ക് ചാടിയതെന്നാണ് വിവരം. പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ദേശീയപാതയിൽ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. റെയിൽവെസ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവടങ്ങളിലും തെരച്ചിൽ തുടരുന്നുണ്ട്. ഇയാൾ കണ്ണൂർ, കാസർകോട് ജില്ല വിട്ടു പുറത്തുപോകാൻ സാധ്യതയില്ലെന്നാണ് നിഗമനം. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നു ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ വച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്നു പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു എന്നു പിന്നീട് കണ്ടെത്തി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളജിൽ വച്ച് മരിച്ചു. ഈ കേസിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണക്കേസുകളിലും പ്രതിയാണ്.